ജീവൻ തിരികെ ലഭിച്ചതിന്.ഖലീൽശംറാസ്

അയാൾ ഈ ഭൂമിയിലെ
അവസാന ശ്വാസവും
അന്തരീക്ഷത്തിന് സമ്മാനിച്ച്
ചലനമറ്റു കിടക്കുകയാണ്.
ഞാൻ പൾസ് നോക്കി.
അയാളിലെ ജീവനെ
ഞാൻ അനുഭവിച്ചില്ല.
എന്റെ വിരൽതുമ്പിലൂടെ
എന്റെ ജീവനിൽ നിന്നും
ഒരംശം അയാൾക്ക്
പകർന്നുകൊടുത്താലോ എന്ന് തോന്നി.
പക്ഷെ സാധിച്ചില്ല.
എന്നാൽ അയാളുടെ
കൈകളിലെ
നിശ്ചലതയിലൂടെ
അയാളുടെ മരണത്തിലേക്കൊന്നിറങ്ങിച്ചെല്ലാൻ
ഞാൻ തീരുമാനിച്ചു.
അയാളുടെ അവസ്ഥയിലുള്ള
എന്നെ ഞാൻ കണ്ടു.
എനിക്കു ചുറ്റും കൂടി നിൽക്കുന്ന
പ്രിയപ്പെട്ടവരെ കണ്ടു.
അവരെന്തൊക്കെയോ
എന്റെ വിയോഗത്തെ കുറിച്ച്
പറയുന്നത് ഞാൻ ശ്രവിച്ചു.
അതികനേരം എന്റെ
ചിന്തകൾക്ക് മരണാവസ്ഥയിൽ
എന്നെ നിലനിർത്താനായില്ല.
അപ്പോഴേക്കും
ജീവിതം എന്നെ വീണ്ടും വിളിച്ചു.
മരണത്തെ അനുഭവിച്ച്
ജീവിതത്തിലേക്ക്
വന്നതിനാൽ
അതിന്റെ മൂല്യം
ഞാൻ തിരിച്ചറിഞ്ഞു.
ആദ്യം കണ്ട വ്യക്തിക്ക്
ഒരു മധുരപുഞ്ചിരി പകർന്നു കൊടുത്ത്
അതിനുശേഷമുള്ള
ആദ്യനിമിഷം ധന്യമാക്കി.
പിന്നീടുള്ള നിമിഷങ്ങളിലും
ഫലപ്രദമായത്  ചിന്തിച്ചും
പ്രവർത്തിച്ചും
ജീവൻ ഈ നിമിഷത്തിലും
എന്നിൽ നിലനിൽക്കുന്നതിനുള്ള
നന്ദി പ്രകടിപ്പിച്ചു.

Popular Posts